Site icon Kerala Real Estate

അനക്കമില്ലാതെ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് വിപണി

മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഡിമാന്‍ഡ് ഉയരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന anarock റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം പാന്‍ ഇന്ത്യന്‍ തലത്തില്‍ 2 ബിഎച്ച്‌കെ യൂണീറ്റുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.

അതേ സമയം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള മന്ദത ഇപ്പോഴും തുടരുകയാണ്. കേരളത്തിന് വെളിയിലുള്ള നഗരങ്ങളില്‍ സര്‍വീസ് ക്ലാസില്‍ നിന്ന് വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം ഉയര്‍ന്നതാണ് ഡിമാന്‍ഡ് വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആവശ്യക്കാരുടെ 68 ശതമാനവും സര്‍വീസ് ക്ലാസാണ്. ബിസിനസ് ക്ലാസ്- 18%, പ്രോഫഷണല്‍സ്- 8% എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ്. രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിലെ ആകെ ഡിമാന്‍ഡിന്റെ 79 ശതമാനവും മിഡ്-ടു-ഹൈ-എന്‍ഡ് വിഭാഗത്തിലാണ്.

40 ലക്ഷം മുതല്‍ 80 ലക്ഷം വരെയുള്ള വീടുകളാണ് മിഡ്-എന്‍ഡ് (ഇടത്തരം) വിഭാഗത്തില്‍ പെടുന്നത്. 42 ശതമാനം ഡിമാന്‍ഡും ഇത്തരം വീടുകള്‍ക്കാണ്. 80 ലക്ഷം-1.5 കോടി വരെ വിലയുള്ള വീടുകളുടെ ഡിമാന്‍ഡ് 37 ശതമാനം ആണ്.

ആകെ ആവശ്യക്കാരുടെ ഒരു ശതമാനം മാത്രമാണ് 5 കോടിക്ക് മുകളിലുള്ള പാര്‍പ്പിടങ്ങള്‍ തെരഞ്ഞെടുക്കുന്നത്. 40 ലക്ഷത്തില്‍ താഴെയുള്ള വീടുകളുടെ ഡിമാന്‍ഡ് 10 ശതമാനത്തിലും താഴെയാണ്.

കേരളത്തിലെ ട്രെന്‍ഡ്

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അങ്ങനെ പ്രകടമായ ട്രെന്റുകള്‍ ഇല്ല എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ആവശ്യക്കാരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ പ്രോജക്ടുകളും കുറവാണ്.

നിര്‍മാണച്ചെലവ് ഉയര്‍ന്നതും റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണങ്ങളും മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും പ്രധാന പ്രശ്‌നം ആവശ്യക്കാര്‍ ഇല്ലാത്തത് തന്നെയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ വന്‍കിട പദ്ധതികളും അതിനോട് അനുബന്ധമായ തൊഴില്‍ മേഖലകളോ സൃഷ്ടിക്കപ്പെടുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏത്തി കേരളത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കുറഞ്ഞു.

ദുബായിയില്‍ ഉള്‍പ്പടെ പാര്‍പ്പിടങ്ങള്‍ വാങ്ങാന്‍ അവസരം ലഭിച്ചതോടെ കേരളത്തിന് ലഭിക്കേണ്ട വലിയൊരു ശതമാനം നിക്ഷേപം നഷ്ടമായി എന്നാണ് അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി പറയുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ കുടിയേറ്റം കൂടുതലും. ഇവരൊന്നും കേരളത്തിലേക്ക് തിരിച്ചുവരാനോ ഇവിടെ വീട് വാങ്ങാനോ ആഗ്രഹിക്കുന്നവര്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ നഗര-ഗ്രാമ വ്യത്യാസങ്ങള്‍ കുറവാണ്. എവിടെ താമസിച്ചാലും ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. ഈ ഒരു സവിശേഷത, ജനിച്ച നാട്ടില്‍ തന്നെ വീടുവെയ്ക്കാന്‍ കുറെയധികം ആളുകളെ പ്രേരിപ്പിക്കുണ്ട്.

ഒരു നിക്ഷേപം എന്നതില്‍ ഉപരി താമസിക്കുക എന്ന ലക്ഷ്യത്തോടെ വീടുകള്‍ വാങ്ങുന്നവരാണ് ഇപ്പോൾ കൂടുതലും. വിലക്കുറവില്‍ ഉപരി ഇവര്‍ പരിഗണിക്കുന്നതും മികച്ച സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെയാണ്.

അതുകൊണ്ട് തന്നെ നല്ല ക്വാളിറ്റിയും സര്‍വീസും ഉള്ള ബില്‍ഡര്‍മാരുടെ പ്രോജക്ടുകള്‍ക്ക് ഇപ്പോഴും കേരളത്തില്‍ ആവശ്യക്കാര്‍ ഉണ്ട്.

കടപ്പാട്: ധനം ഓൺലൈൻ

Exit mobile version