Site icon Kerala Real Estate

വീട്: കൂടുതല്‍ പേര്‍ക്കും താത്പര്യം ₹45-90 ലക്ഷത്തിന്റെ ബജറ്റ്

ഇന്ത്യക്കാരില്‍ പുതുതായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും ഇഷ്ടം മൂന്ന് ബി.എച്ച്.കെ (മൂന്ന് ബെഡ്‌റൂം, ഒരു ഹോള്‍, ഒരു അടുക്കള) പദ്ധതികളോട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പുറത്തുവിട്ട സി.ഐ.ഐ-അനറോക്ക് റിയല്‍ എസ്‌റ്റേറ്റ് സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, പൂനെ നഗരങ്ങളിലായിരുന്നു സര്‍വേ. 42 ശതമാനം പേര്‍ വാങ്ങല്‍ താത്പര്യം പ്രകടിപ്പിച്ചത് 3ബി.എച്ച്.കെയ്ക്കാണ്.

രണ്ട് ബി.എച്ച്.കെ വാങ്ങാന്‍ 40 ശതമാനം പേര്‍ക്കാണ് താത്പര്യം. 12 ശതമാനം പേര്‍ക്ക് ഇഷ്ടം ഒരു ബി.എച്ച്.കെ. മൂന്ന് ബി.എച്ച്.കെയ്ക്ക് മുകളില്‍ താത്പര്യപ്പെടുന്നത് ആറ് ശതമാനം പേര്‍.

വലിയ ബഡ്ജറ്റ്

പുതിയ വീട് വാങ്ങാന്‍ ശ്രമിക്കുന്ന 32 ശതമാനം പേര്‍ക്കും 45 ലക്ഷം രൂപയ്ക്കും 90 ലക്ഷം രൂപയ്ക്കും ഇടയില്‍ ബജറ്റുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 29 ശതമാനം പേരുടെ പക്കലുള്ളത് 45 ലക്ഷത്തിന് താഴെ ബജറ്റാണ്. 90 ലക്ഷത്തിന് മുകളില്‍ 1.5 കോടി വരെ ബജറ്റുള്ളത് 26 ശതമാനം പേര്‍ക്കാണ്. 1.5 കോടി രൂപയ്ക്ക് മുകളില്‍ 2.5 കോടി രൂപവരെ 9 ശതമാനം പേര്‍ക്കും 2.5 കോടി രൂപയ്ക്കുമേല്‍ 4 ശതമാനം പേര്‍ക്കും ബജറ്റുണ്ട്.

റിയല്‍ എസ്റ്റേറ്റാണ് താരം

സര്‍വേയില്‍ സംബന്ധിച്ച 61 ശതമാനം പേരും നിക്ഷേപത്തിന് റിയല്‍ എസ്റ്റേറ്റ് മതിയെന്ന് താത്പര്യപ്പെട്ടു. 26 ശതമാനം പേര്‍ക്ക് ഇഷ്ടം സ്റ്റോക്ക് മാര്‍ക്കറ്റാണ്. എട്ട് ശതമാനം പേര്‍ പണം സ്ഥിരനിക്ഷേപത്തിലിടാന്‍ താത്പര്യപ്പെടുന്നു. 5 ശതമാനം പേര്‍ ഉദ്ദേശിക്കുന്നത് സ്വര്‍ണം വാങ്ങാൻ.

യുവാക്കളാണ് കരുത്ത്

ഇന്ത്യന്‍ ഭവനവിപണിയെ മുന്നോട്ട് നയിക്കുന്നത് യുവാക്കള്‍ (മില്ലേനിയല്‍സ്/27-42 വയസ് പ്രായം) ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ വീട് വാങ്ങാന്‍ ശ്രമിക്കുന്നവരില്‍ 52 ശതമാനം പേരും ഈ പ്രായക്കാരാണ്. ജന്‍ എക്‌സ് എന്നറിയപ്പെടുന്ന 43-58 പ്രായക്കാരാണ് രണ്ടാംസ്ഥാനത്ത്; 30 ശതമാനം. ജന്‍ ഇസഡ് അഥവാ 21-26 പ്രായക്കാര്‍ 11 ശതമാനമാണ്. ബേബി ബൂമേഴ്‌സ് എന്ന് വിളിപ്പേരുള്ള 59-77 വയസ് ശ്രേണിക്കാരുടെ പങ്ക് ഏഴ് ശതമാനം.

കടപ്പാട്: ധനം ഓൺലൈൻ

Exit mobile version