ശമ്പളത്തോടൊപ്പം മാസത്തില്‍ രണ്ടാമതൊരു വരുമാനം ചെലവ് ഉയരുന്ന കാലത്ത് ഉപകാരപ്പെടും. ദീര്‍ഘകാലത്തേക്ക് മുടക്കമില്ലാതെ വരുമാനമാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഇത്തരക്കാർക്ക് അനുയോജ്യമായൊരു വഴിയാണ്.

വീട്, ക്വാട്ടേഴ്സുകൾ, കട മുറികൾ, സംഭരണ ശാലകൾ എന്നിവ വാടകയ്ക്ക് നൽകി മാസ വരുമാനം ഉണ്ടാക്കാൻ സാധിക്കും. റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നവർ വാണിജ്യ റിയൽ എസ്റ്റേറ്റോ, റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റോ ഏതാണ് കൂടുതൽ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നതെന്ന് അറിയണം.

ഏതാണ് ലാഭകരം

റിയല്‍ എസ്‌റ്റേറ്റിൽ നിക്ഷേപിക്കുന്നവർ വാണിജ്യ, റസിഡൻഷ്യൽ മേഖലകളിൽ സാധാരണയായി നിക്ഷേപം നടത്തുന്നുണ്ട്. രണ്ട് രീതികള്‍ക്കും അതിന്റെതായ ഗുണങ്ങളുണ്ടെങ്കിലും ഓരോരുത്തരും അനുയോജ്യമായ നിക്ഷേപം കണ്ടെത്തേണ്ടതുണ്ട്.

എസ്‌റ്റേറ്റ് നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പായി വാടകകാരന്റെ ലഭ്യത, സ്ഥലം, പ്രവര്‍ത്തന ചെലവ് എന്നിവയെ പറ്റി പരിശോധിക്കണം. പൊതുവെ വാണിജ്യ കെട്ടിടടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതാണ് റസിഡൻഷ്യൽ കെട്ടിടങ്ങൾ വാടകയ്ക്ക് നല്‍കുന്നതിനേക്കാള്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നത്.

എങ്ങനെ നിക്ഷേപിക്കാം

വാണിജ്യ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ വലിയ തുക ഒന്നിച്ച് ആവശ്യമാണെന്നതൊരു പോരായ്മയായി കാണാം. ഇതിന് ബദലായി റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി) വഴി നിക്ഷേപം നടത്താം.

10,000 രൂപ മുതൽ ആർഇഐടിയിൽ നിക്ഷേപിക്കാം. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് വാണിജ്യ റിയല്‍ എസ്റ്റേറ്റ് വസ്തുക്കളിലാണ് നിക്ഷേപം നടത്തുന്നത്.

റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനം ലാഭവിഹിതമായി നിക്ഷേപകർക്ക് ലഭിക്കും. ഇക്വിറ്റി, മോര്‍ട്ട്‌ഗേജ് എന്നിങ്ങനെ 2 തരത്തില്‍ ആര്‍ഇഐടികള്‍ ഇന്ത്യയിലുണ്ട്.

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത ആര്‍ഇഐടികലില്‍ നേരിട്ടോ റിയല്‍ എസ്‌റ്റേറ്റുകളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴിയോ നിക്ഷേപിക്കാം.

റീട്ടെയില്‍ സ്‌പേസ് വഴി നിക്ഷേപിക്കുന്നതാണ് മറ്റൊരു വഴി. റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടം വാടകയ്ക്ക് നല്‍കാം. വാടക ഈടാക്കി സ്ഥിര വരുമാനം ഉണ്ടാക്കാൻ സാധിക്കും.

ആവശ്യക്കാർക്ക് ​ഗോണ്ടൗണുകളായി ഉപയോ​ഗിക്കാൻ സാധിക്കുന്ന ഇടങ്ങൾ വാടകയ്ക്ക് നൽകാം. സംഭരണ സൗകര്യങ്ങള്‍ വാടകയ്ക്കെടുക്കാൻ വലിയ ബിസിനസ് യൂണിറ്റുകൾ തയ്യാറാകും. അതുവഴി നല്ല വരുമാനം ഉണ്ടാക്കാനാകും.

ഉയർന്ന വാടക

വാണിജ്യ റിയല്‍ എസ്റ്റേറ്റിനുള്ള നേട്ടം ഉയർന്ന വാടകതന്നെയാണ്. വാണിജ്യ വസ്തുക്കള്‍ക്ക് റസിഡൻഷ്യൽ വസ്തുക്കളേക്കാള്‍ ദൈര്‍ഘ്യമേറിയ വാടക കാലയളവ് ലഭിക്കും. ഇതിനാൽ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തേക്ക് സ്ഥിരമായ വാടക വരുമാനം ഉറപ്പിക്കാം.

വാണിജ്യ വസ്തുക്കള്‍ക്ക് 5-10 വര്‍ഷം വരെ വാടക കാലയളവ് ലഭിക്കാറുണ്ട്. ഒപ്പം മൂല്യത്തകര്‍ച, വായ്പകളുടെ പലിശ കിഴിവ് തുടങ്ങിയ നികുതി ആനുകൂല്യങ്ങളും ലഭിക്കും.

റസിഡൻഷ്യൽ വസ്തുക്കളേക്കാൾ വളർച്ച സാധ്യതയും വാണിജ്യ വസ്തുക്കൾക്കാണ്. വ്യവസായിക മേഖലകൾ, ടെക്നോളജി ഹബ്ബുകൾ പോലുള്ള പെട്ടന്ന് വളരുന്ന ഇടങ്ങളിലാണ് കൂടുതലായും വാണിജ്യ വസ്തുക്കൾ കണ്ടുവരുന്നത്.

പ്രതിസന്ധികൾ

വിപണിയിലെ ഏറ്റകുറച്ചിലുകൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ബാധകമാണ്. വാടക നിരക്കിലും ഡിമാന്‍ഡിലും ഇത് മാറ്റങ്ങള്‍ക്ക് കാരണമാകും.

ചെലവേറിയ പ്രക്രിയ ആണെന്നതും നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നതിനുള്ള കാലതാമസവും വാണിജ്യ റിയൽ എസ്റ്റേറ്റിലെ നിക്ഷേപത്തിനുള്ള പ്രതിസന്ധിയാണ്.

വാണിജ്യ റിയൽ എസ്റ്റേറ്റിൽ വാടകകാരൻ ബിസിനസുകാരനായതിനാൽ വാണിജ്യ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്ക് റസിഡന്‍ഷ്യല്‍ നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന അപകടസാധ്യതയുണ്ട്.

അസന്തുലിതമോ പ്രവചനാതീതമോ ആയ പ്രാദേശിക സംഭവങ്ങൾ വാണിജ്യ റിയൽ എസ്റ്റേറ്റിന്റെ സാധ്യതകളെ ബാധിക്കാൻ ഇടയുണ്ട്.

കടപ്പാട്: GoodReturns Malayalam